Jose K Mani or Mani C Kappen in Pala? |
2021 കേരള നിയമസഭാ തെരെഞ്ഞെടുപ്പ് ഏതാണ്ട് ഏപ്രിൽ പകുതിയോടെ നടത്തപ്പെടുമെന്നു (ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും) ഏകദേശം വ്യക്തമാണ്. ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പിൽ വിജയിച്ചു അധികാരത്തിൽ എത്തിയില്ലെങ്കിൽ പാർട്ടികൾക്കും, നേതാക്കൾക്കും, വ്യക്തികൾക്കും നിലനില്പില്ലെന്നുള്ള ബോധ്യം ഉള്ളതുകൊണ്ട് രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും അരയും തലയും മുറുക്കി രംഗത്ത് വന്നിരിക്കുകയാണ്. എന്ത് വിലകൊടുത്തും ഇലക്ഷനിൽ ജയിച്ചു അധികാരത്തിലെത്താൻ കേരളത്തിലെ മൂന്ന് മുന്നണികളും (LDF, UDF, NDA) ഏതറ്റം വരെയും പോകും എന്നതും തീർച്ചയാണ്.
ഒരുപക്ഷെ കേരളത്തിലെ തെരെഞ്ഞെടുപ്പ് മത്സരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മത്സരം നടക്കാൻ പോകുന്നത് പാലാ നിയമസഭാ മണ്ഡലത്തിലായിരിക്കും. അവിടെ മത്സരിക്കാൻ ഇലക്ഷൻ ഗോദയിലേക്കു ഇറങ്ങുന്നത് ജോസ് കെ മാണിയും, മാണി സി കാപ്പനും ആണ്. അര നൂറ്റാണ്ടോളം പാലായിൽ സ്ഥിരമായി ജയിച്ചിരുന്ന കേരള കോൺഗ്രസ് നേതാവ് കെ എം മാണിയുടെ മകൻ ആണ് ജോസ് കെ മാണി. പലതവണ യു ഡി എഫ് അധികായകനായ കെ എം മാണിയോട് മത്സരിച്ചു മാണിയുടെ ഭൂരിപക്ഷം ക്രമേണ താഴ്ത്തിക്കൊണ്ടുവന്നു അവസാനം എൽ ഡി എഫ് പിന്തുണയോടെ പാലായിൽ ഉപ തെരെഞ്ഞെടുപ്പിൽ വിജയിച്ച എൻ സി പി നേതാവാണ് മാണി സി കാപ്പൻ.
കെ എം മാണിയുടെ മരണശേഷം കേരള കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തെത്തിയ ജോസ് തന്റെ അപക്വവും, ധാർഷ്ട്യവും ഏകപക്ഷീയവുമായ പല പ്രവർത്തികളും നിലപാടുകളും വഴി പാർട്ടിയിലെ പല മുതിര്ന്ന നേതാക്കളെയും അനേകം പ്രവർത്തകരെയും പിണക്കുന്നതു കേരള സമൂഹം കാണാനിടയായി. അങ്ങനെ ഒരുനാൾ പെട്ടെന്ന് ഇക്കാലമത്രയും U D F -ന്റ് ഭാഗമായിരുന്ന കേരള കോൺഗ്രസിനെ L D F -ൽ ബന്ധിപ്പിച്ചു. ഇതോടെ നാളിതുവരെ തങ്ങളെ പിന്തുണച്ച പാലായിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതായ ഒരു സന്ദേശം നൽകുകയുണ്ടായി.
വരുന്ന തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണി L D F -ന്റെ ഭാഗമായി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായത്തോടുകൂടെ ഇത്രയും നാൾ L D F -ന്റെ ഭാഗമായിരുന്ന മാണി സി കാപ്പൻ തനിക്കു പാലാ സീറ്റ് എൽ ഡി എഫിൽ നിന്ന് കിട്ടുകയില്ലെന്നു മനസിലാക്കി തന്റെ പാർട്ടിയെ യു ഡി എഫിൽ ചേർത്തതായി പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്രീയ സഖ്യത്തെയും പാർട്ടിയെയും കാൾ തനിക്കു വലുത് തന്നെ ആദ്യമായി നിയമസഭയിൽ എത്തിച്ച പാലാ ആണെന്നും പാലാ തനിക്കു ചങ്കു ആണെന്നും കാപ്പൻ തുടരെ തുടരെ പ്രസ്താവിക്കുന്നു.
രണ്ടു നേതാക്കന്മാരുടെയും സഖ്യ മാറ്റം പാലായിലെ വോട്ടർമാരെ ആകെ കുഴപ്പിച്ചിരിക്കുകയാണ്. ആര് ഇവിടെ ജയിക്കും ആര് തോൽക്കും എന്നുള്ളത് ഇപ്പോൾ പ്രവചിക്കാൻ പറ്റാത്ത സാഹചര്യമാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള പാലായിലെ ജനങ്ങൾക്ക് ഒരു വശത്തു് LDF -നോടുള്ള വെറുപ്പ്, മറു വശത്തു സമീപകാല വിദ്വേഷ പ്രസംഗങ്ങൾ മൂലം UDF -നോടു ഉണ്ടായ അകൽച്ച, മറ്റൊരു വശത്തു അടുത്തകാലത്തായി BJP -യോടുള്ള മൃദു സമീപനം... ഇതിനെല്ലാം പുറമെ സ്വീകാര്യനായ ഒരു വ്യക്തി ട്വന്റി20 യുടെ സ്ഥാനാർത്ഥിയായാൽ ഉണ്ടായേക്കാവുന്ന ചലനങ്ങൾ എല്ലാം വോട്ടർമാരെ അവസാന നിമിഷം വരെ സ്വാധീനിച്ചേക്കാവുന്ന കാര്യങ്ങളാണ്.
എന്നിരുന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ എം ൽ എ എന്ന നിലയിൽ തന്റെ ചുരുങ്ങിയ കാലത്തേ പ്രവർത്തന മികവ് മാണി സി കാപ്പന് ജനങ്ങളുടെ ഇടയിൽ മികച്ച ആദരവും സ്വീകാര്യതയും ഉണ്ടാക്കിയിട്ടുണ്ടെന്നതിൽ സംശയമില്ല.
നിങ്ങളുടെ അഭിപ്രായങ്ങളും ചുവടെ ചേർക്കുക.